മുംബൈ: 2022 എഡിഷന് ഐപിഎല്‍ മുതല്‍ മൈതാനിയില്‍ മാറ്റുരയ്ക്കുന്നത് പത്ത് ടീമുകള്‍. അഹമ്മദാബാദില്‍ നിന്നും ലഖ്നൗവില്‍ നിന്നുമാണ് പുതിയ ടീമുകള്‍ ഉണ്ടാവുക. 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന ആര്‍പിഎസ്ജി ഗ്രൂപ്പ് ആണ് ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അതേ സമയം സ്വകാര്യ ഇക്വിറ്റി ഫേം ആയ സിവിസി ക്യാപിറ്റല്‍സ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി.
5166 കോടി രൂപയ്ക്കാണ് സിവിസി ക്യാപിറ്റല്‍സ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍, അരബിന്ദോ ഫാര്‍മ്മ, ടൊറന്റ് ഫാര്‍മ്മ,ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്ദാല് പവര്‍&സ്റ്റീല്‍ തുടങ്ങി വമ്പന്മാര് പങ്കെടുത്ത ബിഡ്ഡിംഗിനൊടുവിലാണ് ഗോയങ്ക ഗ്രൂപ്പും സിവിസി ക്യാപിറ്റല്‍സും ഐപിഎല്‍ ടീമുകളെ സ്വന്തമാക്കിയത്. ധര്‍മ്മശാല,ഗുവാഹത്തി, കട്ടക്,റാഞ്ചി,അഹമ്മദാബാദ്, ലഖ്നൗ എന്നീ നഗരങ്ങളാണ് ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.
ലേല നടപടികളില്‍ താല്പര്യം കാണിച്ച 22 ഗ്രൂപ്പുകളില്‍ നിന്ന് 10 ഗ്രൂപ്പുകളായി ചുരുക്കിയ ശേഷം ഇവരില്‍ നിന്നാണ് അവസാന രണ്ട് സ്ഥാനക്കാരെ തീരുമാനിച്ചത്. ഐഎസ്എല്‍ ടീമായ എടികെ മോഹന്‍ ബഗാനിന്റെയും അള്‍ട്ടിമേറ്റ് ടേബിള്‍ ടെന്നീസ് ലീഗിലെ ആര്‍പിഎസ്ജി മാവേറിക്സിന്റെയും ഉടമകളാണ് സഞ്ജീവ് ഗോയങ്ക നയിക്കുന്ന ഗ്രൂപ്പ്.
റഗ്ബി,വോളിബോള്‍,ഫോര്‍മുല വണ്‍, മോട്ടോ ജിപി, എന്നീ മേഖലകളില്‍ മുന്‍പ് ഇന്‍വെസ്റ്റ് ചെയ്തിട്ടുള്ള പ്രൈവറ്റ് ഇക്വിറ്റി ഫേമാണ് സിവിസി ക്യാപിറ്റല്‍സ്. യൂറോപ്യന്‍ ഫുട്ബോളിലും സിവിസി ക്യാപിറ്റല്‍സിന്റെ ഇന്‍വെസ്റ്റ്മെന്റ് ഉണ്ട്. ഈ വര്‍ഷം ആഗസ്റ്റില്‍ ലാ ലീഗയുമായി 2.7 ബില്ല്യണ്‍ യൂറോയുടെ കരാറില്‍ എത്തിയിരുന്നു സിവിസി ക്യാപിറ്റല്‍സ്. ബുണ്ടസ് ലീഗയിലും സീരി എയിലും ഇന്‍വെസ്റ്റ് നടത്താനും സിവിസി ക്യാപിറ്റല്‍സ് ശ്രമിച്ചിരുന്നു.