അഫ്ഗാനിസ്ഥാനില്‍ ആയുധധാരികളും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 17 പേര്‍ കൊല്ലപ്പെട്ടു

ഹെറാത്ത് : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികളും , ഏഴ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് വിവരം.17 പേരുടെയും മൃതദേഹങ്ങള്‍ ഹെറാത്ത് പ്രവിശ്യയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും വെടിയേറ്റാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു പ്രാദേശിക ആശുപത്രിയെ ഉദ്ദരിച്ച് അഫ്ഗാന്‍ മാധ്യമമായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രാദേശിക കുറ്റവാളികള്‍ക്കെതിരെ ഞായറാഴ്ച ഹെറാത്തില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും അഫ്ഗാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 15-ന് തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കി താലിബ ഭീകരര്‍ അഫ്ഗാനില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നിരവധി സംഘര്‍ഷങ്ങളാണ് വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്