കൊടുവള്ളി: വലിയ ലാഭവും അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസിയും വിദേശയാത്രയും വിലപിടിപ്പുള്ള കാറും വാഗ്ദാനം ചെയ്ത് മണി ചെയിൻ കമ്പനി യുവാവിൽനിന്ന് തട്ടിയെടുത്തത് 4.9 ലക്ഷം രൂപ. കൊടുവള്ളി സ്വദേശിയായ നാഫിയുടെ പണമാണ് നഷ്ടമായത്. ബിസിനസിനായി പണം നിക്ഷേപിച്ചാൽ മുതൽ മുടക്കിൻ്റെ വിഹിതവും ലാഭവും ഡോളറായി ഓരോ മാസവും അക്കൗണ്ടിലേക്ക് വരുമെന്ന് പ്രലോഭിപ്പിച്ചാണ് വിവിധ സമയങ്ങളിലായി തുക തട്ടിയെടുത്തത്.
ബന്ധുകൂടിയായ ചാലിയം സ്വദേശിയാണ് വൻ വാഗ്ദാനങ്ങൾ നൽകി ഇത്രയും തുക മലേഷ്യ ആസ്ഥാനമായുള്ള മണി ചെയിൻ കമ്പനിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ആളുകളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതെന്ന് നാഫി പറഞ്ഞു. ഇയാളുടെ വീട്ടുകാരും നിരന്തരം സമ്മർദം ചെലുത്തിയതോടെയാണ് പണം നിക്ഷേപിച്ചതെന്ന് നാഫി പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ആഗസ്റ്റ് 16ന് 90,000 രൂപയും 18ന് 3,10000 രൂപയും 24 ന് 90,000 രൂപയുമാണ് വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചത്.
ഇതിനിടെ നാഫിയോട് ബിസിനസുമായി സഹകരിക്കാവുന്ന 100 പേരുടെ മൊബൈൽ ഫോൺ നമ്പറുകൾ കമ്പനിക്ക് നൽകാനും അവരോടൊക്കെ പണം നിക്ഷേപിക്കാൻ പറയാനും ആവശ്യപ്പെട്ടുവത്രെ. പണം നിക്ഷേപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നേരത്തെ പറഞ്ഞപോലെ ലാഭവിഹിതം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞത്. തുടർന്ന് ചാലിയം സ്വദേശിയോട് പണം തിരിച്ചു ചോദിച്ചെങ്കിലും ഇയാൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും നാഫി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നും പണം നിക്ഷേപിക്കാൻ സമ്മർദം ചെലുത്തിയ ചാലിയം സ്വദേശിക്കെതിരെ നാഫി കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊടുവള്ളി പൊലീസ് പറഞ്ഞു. കൊടുവള്ളി, വാവാട്, എളേറ്റിൽ വട്ടോളി, മടവൂർ, ഓമശ്ശേരി എന്നിവിടങ്ങളിൽ നിരവധിയാളുകൾ ഇത്തരം മണി ചെയിൻ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്നാണ് പറയുന്നത്.10,000 രൂപ മുതൽ ഒരു കോടി രൂപ വരെ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടവരുണ്ടെന്നാണ് പറയുന്നത്. ബന്ധുക്കളുടേയും അയൽവാസികളുടേയും സ്വർണ്ണാഭരണവും മറ്റും വിറ്റും പണയപ്പെടുത്തിയുമാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ, മാനഹാനി ഭയന്ന് പലരും പുറത്തുപറയാനോ പണം നിക്ഷേപിച്ചതിനുള്ള വ്യക്തമായ തെളിവുകൾ കൈയിൽ ഇല്ലാത്തതിനാൽ പരാതി നൽകാനോ തയാറാവാത്തത് ഇത്തരം തട്ടിപ്പുകാർ രക്ഷപ്പെടാൻ കാരണമാകുന്നതായും പൊലീസ് പറഞ്ഞു.