ഗോവ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഒടിടി റിലീസ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഒടിടികളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കും പ്രദര്‍ശന അനുമതി. ഐഎഫ്എഫ്‌ഐയില്‍ പങ്കെടുക്കാന്‍ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളെയും ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ 52 -ാമത് എഡിഷന്‍ നവംബര്‍ 20നാണ് ഗോവയില്‍ ആരംഭിക്കുന്നത്.

ഇതാദ്യമായാണ് ഒടിടി റിലീസുകളും ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. കൊറോണ സാഹചര്യത്തില്‍ നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ലോകത്തെ മികച്ച സമകാലിക- ക്ലാസിക് സിനിമകളാണ് ചലച്ചിത്ര മേളയില്‍ കാണിക്കുന്നത്.

ഇസ്ത്വാന്‍ സാബോ, മാര്‍ട്ടിന്‍ സ്‌കോര്‍സെസ് എന്നിവരെ പ്രഥമ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ചലച്ചിത്ര സംവിധാനം
നിര്‍മ്മാണം, തിരക്കഥ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണ് ഇരുവരും.

52-ാം പതിപ്പിന്റെ പോസ്റ്റര്‍ നേരത്തേ മുന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തിറക്കിയിരുന്നു.വിഖ്യാത സംവിധായകനായ സത്യജിത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഐഎഫ്എഫ്‌ഐയില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കും. സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഈ വര്‍ഷം മുതല്‍ മേളയില്‍ ഏര്‍പ്പെടുത്തുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും വിപുലവുമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് ഐഎഫ്എഫ്‌ഐ. ഒന്‍പത് ദിവസം നീളുന്ന ചലച്ചിത്രമേളക്ക് നവംബര്‍ 28ന് തിരശ്ശീല വീഴും.