അച്ഛനും അമ്മയുമടക്കം നാലു കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ 17 കാരി അറസ്റ്റിൽ

ബെംഗളൂരു: അച്ഛനും അമ്മയുമടക്കം കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 17 കാരി അറസ്റ്റിൽ. കർണാടകത്തിലെ ചിത്രദുർഗയിലാണ് പതിനേഴുകാരി അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് മൂന്നുമാസത്തിനു ശേഷമാണ് പെൺകുട്ടിയെ പോലീസ് അറസ്റ്റുചെയ്തത്.

ജൂലായ് 12-നാണ് ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകൾ രമ്യ (16), ഗുന്ദിബായ് (80) എന്നിവർ ഭക്ഷണം കഴിച്ചതിനുശേഷം അവശനിലയിലായി മരിച്ചത്. മകൻ രാഹുലും വിഷം കലർന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു. തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തിൽ വിഷം കലർത്തിയാണ് മകൾ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് അറിയിച്ചു.

കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതാണ് കൊലയ്ക്കു കാരണം. പെൺകുട്ടിയുടെ കൂലിപ്പണിക്കാരിയായ അമ്മ വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടിൽ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടിൽക്കടന്ന് ഭക്ഷണത്തിൽ വിഷം കലർത്തിയതാകാമെന്ന് ആദ്യം സംശയമുയർന്നിരുന്നു.

ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെൺകുട്ടിയിലേക്ക് നീങ്ങിയത്. സംഭവദിവസം മൂത്തമകൾ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതിലുള്ള അമർഷമാണ് കൊലചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. വീട്ടുകാർ മിക്കപ്പോഴും വഴക്കുപറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്നും കണ്ടെത്തി.