ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുല്‍വാമയിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശിയായ അരവിന്ദ് കുമാര്‍ സാ (36) എന്നയാളാണ് ശ്രീനഗറില്‍ ഭീകരര്‍ വെടിയുതിര്‍ത്തതിനെ കൊല്ലപ്പെട്ടത്. പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ യുപി സ്വദേശിയായ സാഗിര്‍ അഹമ്മദും ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തു .
ഇപ്പോള്‍ ഇരുപ്രദേശങ്ങളിലും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു. ഗോള്‍ ഗപ്പ വിറ്റഴിക്കുന്ന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അരവിന്ദ് കുമാര്‍. ബിഹാറിലെ ബങ്കയാണ് ഇയാളുടെ സ്വദേശം. ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് അരവിന്ദ് കൊല്ലപ്പെട്ടത്. വൈകിട്ട് 6.40ഓടെയായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട യുപി സ്വദേശി പ്രദേശത്തെ മരപ്പണിക്കാരനായിരുന്നു.
തെരുവില്‍ തൊഴിലെടുക്കുകയായിരുന്ന മറ്റൊരു ബിഹാര്‍ സ്വദേശി വീരേന്ദ്ര പാസ്വാനെ ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ ഭീകരര്‍ കൊലപ്പെടുത്തിയ ശ്രീനഗറിലെ പ്രദേശത്താണ് ഇന്ന് ആക്രമണമുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുല്‍വാമയിലും നാട്ടുകാര്‍ക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ നിരവധിയാണ്. ഫാര്‍മസി സ്ഥാപന ഉടമയും രണ്ട് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരും ഭീകരരാല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 13 ഭീകരരെ സൈന്യം വധിച്ചു.