ജീവിച്ചിരിക്കെ മന്‍മോഹന്‍ സിം​ഗിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ജാര്‍ഖണ്ഡ് കായിക മന്ത്രി; വിവാദമായി വീഡിയോ

റാഞ്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച ജാര്‍ഖണ്ഡ് കായിക മന്ത്രി ഹാഫിസുല്‍ ഹസന്‍ അന്‍സാരിയുടെ നടപടി വിവാദത്തില്‍. ജീവിച്ചിരിക്കെ സിം​ഗിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ സംസാരിക്കുന്ന മന്ത്രിയുടെ വീഡിയോ വെെറല്‍ ആയിരുന്നു.

അദ്ദേഹം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സിംഗ് മരിച്ചതായി പറയുന്നതായി വീഡിയോയില്‍ ഉണ്ട്.
അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഒരു മിനിറ്റ് മൗനം പാലിക്കുന്നതിനെക്കുറിച്ചും അന്‍സാരി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടതിനു പിന്നാലെ മന്ത്രി സംഭവത്തില്‍ മാപ്പ് ചോദിച്ചിട്ടുണ്ട്.

പട്വാബാദിലെ ധാംന ഫടക്കിന് സമീപം അന്‍സാരി വെള്ളിയാഴ്ച എ.പി.ജെ ഡോ. അബ്ദുള്‍ കലാം ചൗക്ക് ഉദ്ഘാടനം ചെയ്തതായി വീഡിയോയില്‍ കാണാം. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് അന്തരിച്ചു.

രാജ്യത്തിന്റെ വികസനത്തില്‍ അദ്ദേഹം 50 ശതമാനം സംഭാവന ചെയ്തു. മോദിജി രാജ്യത്തെ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. എന്നാല്‍ മന്‍മോഹന്‍ സിംഗ് രാജ്യത്തെ 50 വര്‍ഷം മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. നമ്മള്‍ അദ്ദേഹത്തിനായി ഒരു മിനിറ്റ് മൗനം പാലിക്കുമെന്നും അന്‍സാരി പറയുകയായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ അന്‍സാരി സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങള്‍ കാരണമാണ് ഇത് സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ചയാണ്​ 89കാരനായ സിം​ഗിനെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ (എ.ഐ.ഐ.എം.എസ്) പ്രവേശിപ്പിച്ചത്​. സിം​ഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും എ.ഐ.ഐ.എം.എസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാന്‍ ഫോ​ട്ടോഗ്രാഫറുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്​ മാണ്ഡവ്യ എത്തിയത്​ വിവാദമായിരുന്നു.