തിരുവനന്തപുരം: ചലചിത്ര താരങ്ങളുടെ മാത്രം സ്വന്തമായിരുന്ന കാരവാനിലെ ആഢംബര യാത്ര ഇനി സംസ്ഥാനത്തെ ടൂറിസം രംഗത്തേക്കും. കാരവന്‍ ടൂറിസത്തിലേക്ക് കടന്ന കേരളത്തിന്റെ സ്വന്തം കാരവാനുകള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് പുറത്തിറക്കി. പങ്കാളിത്ത കാരവാന്‍ ടൂറിസം എന്ന പേരില്‍ കാരവാന്‍ കേരള എന്ന പദ്ധതിക്കാണ് രൂപം നല്‍കിയത്. ഇതിന്റെ ആദ്യപടിയായി ആണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവാന്‍ പുറത്തിറക്കിയത്.
പ്രമുഖ വാഹന നിര്‍മ്മാണ കമ്പിനിയായ ഭാരത് ബെന്‍സാണ് കാരവാന്‍ നിര്‍മിച്ചത്. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവനാണ് നിര്‍മ്മിച്ചത്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പുതിയ പദ്ധതി.കൊറോണയ്ക്ക് ശേഷമുള്ള യാത്രാ മുന്‍ഗണനകള്‍ കണക്കിലെടുത്തും, സംസ്ഥാനത്ത് ക്യാമ്പിങ് സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കാനുമാണ് കാരവാന്‍ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്.
2 മുതല്‍ 4 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ രണ്ടു തരം കോണ്‍ഫിഗറേഷനില്‍ മികച്ച സുഖവും സുരക്ഷിതത്വവും ലഭിക്കുന്ന ഇന്‍-ബില്‍റ്റ് സവിശേഷതകളോട് കൂടിയ കാരവാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിയോട് ഒത്തിണങ്ങിയ നയമാണിതെന്നാണ് ടൂറിസം വകുപ്പ് പദ്ധതിയെ പറ്റി പറയുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം. പകല്‍ യാത്രയും രാത്രി യാത്രയും വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാണ് പദ്ധതി.
സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങി ഒരു ആഡംബര കാരവാനില്‍ എന്തൊക്കെയുണ്ടോ അതൊക്കെയും സര്‍ക്കാരിന്റെ ഈ കാരവാനിലുമുണ്ടാകും.
അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും കാരവാനുകളില്‍ ഏര്‍പ്പെടുത്തും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും കാരവാനുകളുടെ പ്രവര്‍ത്തനം. കാരവാന്‍ പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തും.
സാധ്യത ഉണ്ടായിട്ടും ചില സ്ഥലങ്ങളില്‍ ആളുകള്‍ വരാത്തതിന് കാരണം അവിടെ താമസിക്കാനും മറ്റുമുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇവിടങ്ങളില്‍ കാരവാന്‍ പാര്‍ക്കുകള്‍ വരുന്നതോടെ ആപ്രശ്നം ഒഴിവാകുകയും ചെയ്യും. കൊറോണ തീര്‍ത്ത പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം മേഖല. കൊറോണയില്‍ നിന്നും പൂര്‍ണമായി മുക്തമായിട്ടില്ലെങ്കിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.
കേരളത്തില്‍ കാരവാന്‍ ടൂറിസം പുതിയതരംഗമായി മാറുമെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത കാരവാനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞു. ഇത്തരം കാരവാനുകളുടെ യാത്ര തടസരഹിതമായിരിക്കുമെന്നും. അനാവശ്യ പരിശോധനകളില്‍ നിന്ന് ടൂറിസം കാരവാനുകളെ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇതിലൂടെ ടൂറിസം ഗതാഗത രംഗത്ത് പുതിയ അധ്യായം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.