മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടി (86)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ജനകീയ മാപ്പിളപ്പാട്ട് ഗായകരില്‍ പ്രധാനിയായിരുന്നു വി എം കുട്ടി. ഗായകന്‍, ഗാനരചയിതാവ് സംഗീത സംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.

പുതിയ പരീക്ഷണങ്ങള്‍കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍ കൂടിയായരുന്നു അദ്ദേഹം. ആദ്യ മാപ്പിളപ്പാട്ട് ട്രൂപ്പ് തുടങ്ങിയതും അദ്ദേഹമാണ്. ആറ് പതിറ്റാണ്ടായി മാപ്പിളപ്പാട്ട് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി എം കുട്ടി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മലപ്പുറം പുളിക്കല്‍ ജുമ അത്ത് പള്ളിയില്‍ നടക്കും.

1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍കോട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. 1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിലാണ് വി എം കുട്ടിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985വരെ അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു. പിന്നീട്, സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാകുകയും ചെയ്തു.

ഉല്‍പ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. 7 സിനിമയില്‍ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്റണി എന്ന സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്.