ബെയ്ജിങ്: ചൈനയുടെ പുതിയ ജനസംഖ്യാ നയത്തോട് എതിര്‍പ്പുമായി സ്ത്രീകള്‍ രംഗത്ത്. ഒറ്റക്കുട്ടി നയത്തിന് പകരം ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാമെന്ന ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ചൈനീസ് സമൂഹമാധ്യമമായ വീബോയിലൂടെയാണ് പുതിയ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സ്ത്രീ ശരീരത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്.
പുതിയ ജനസംഖ്യാ നയം വഴി സ്ത്രീ ശരീരത്തെ സര്‍ക്കാര്‍ ഉപകരണമാക്കി മാറ്റുകയാണെന്നും വലിയൊരു വിഭാഗം വാദിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദമ്പതികള്‍ക്ക് പരമാവധി ഒരു കുട്ടി മാത്രം മതിയെന്നു ചൈനീസ് സര്‍ക്കാര്‍ മുന്‍പ് നിബന്ധന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2015ല്‍ രണ്ട് കുട്ടികള്‍ വരെയാകാമെന്നു തിരുത്തി. തുടര്‍ന്ന് ഈ വര്‍ഷമാണ് രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാനായി മൂന്നു കുട്ടികള്‍ക്കു വരെ ജന്മം നല്‍കാന്‍ മാതാപിതാക്കളെ അനുവദിച്ച് ചൈന നിയമം തിരുത്തിയത്.
1950നു ശേഷമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് ചൈനയിലെ ജനസംഖ്യാ വളര്‍ച്ച കടക്കുകയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലയിരുന്നു ചൈനീസ് സര്‍ക്കാര്‍ കുടുംബാസൂത്രണ നിയമങ്ങള്‍ തരുത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ നയം തലതിരിഞ്ഞതാണെന്നും നിലവിലുള്ള അസമത്വം വര്‍ധിപ്പിക്കാന്‍ മാത്രമേ പുതിയ നിയമം കൊണ്ട് സാധിക്കൂ എന്നുമാണ് സ്ത്രകളുടെ ആരോപണം.
പുതിയ നയം പുറത്തു വന്ന മെയ് 31നു തന്നെ വിഷയം ചൈനയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവും ഇതിന് കാരണമായി പലരും ചൂണ്ടികാണിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസച്ചെലവില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കൂടുതല്‍ മണിക്കൂറുകള്‍ തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും അവര്‍ പറയുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ക്കായുള്ള കേന്ദ്രങ്ങള്‍ ആവശ്യത്തിനില്ല. വീട്ടുവാടക അടക്കമുള്ള ചെലവുകള്‍ താങ്ങാനാകുന്നതിലും അപ്പുറമാണെന്നും സ്ത്രീകള്‍ പറയുന്നു. ഇതിനിടയില്‍ കുട്ടികളുടെ എണ്ണം കൂട്ടാനായി സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണുള്ളതെന്നും സ്ത്രീകള്‍ പരാതിപ്പെടുന്നു.