രാജ്യം പവര്‍കട്ടിലേക്കെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡെല്‍ഹി: ഊർജ്ജ പ്രതിസന്ധി അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ രാജ്യം പവര്‍കട്ടിലേക്ക് പോവേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.ഇതിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്തു. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു യോഗം. ഇരു വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കല്‍ക്കരിയുടെ ശേഖരം, വൈദ്യുതിയുടെ വിതരണം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിലവിലെ സാഹചര്യങ്ങള്‍ കല്‍ക്കരി , ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറിമാര്‍ വിശദീകരിക്കും. ഡെല്‍ഹിയടക്കം സംസ്ഥാനങ്ങില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു.

പല സംസ്ഥാനങ്ങളിലും അനൗദ്യോഗിക പവര്‍കട്ട് തുടരുന്നുണ്ട്. പലയിടങ്ങളിലും കനത്ത ക്ഷാമമാണ് കല്‍ക്കരിക്ക് അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി വില കുതിച്ചു ഉയരുകയാണ്. അതേസമയം, കല്‍ക്കരി ക്ഷാമമവും വൈദ്യുതി പ്രതിസന്ധിയുമില്ലെന്ന് കല്‍ക്കല്‍രി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ്ങും പറയുന്നു.

രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ കൈവശം അടുത്ത 24 ദിവസത്തേക്ക് ആവശ്യമായ കല്‍ക്കരി ഉണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. 43 ദശലക്ഷം കല്‍ക്കരിയാണ് കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ പക്കല്‍ സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ അനാവശ്യമായ ഭീതിയുണ്ടാക്കരുതെന്ന് ആര്‍കെ സിങ്ങും അഭിപ്രായപ്പെട്ടു.

നിലവില്‍ രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഡെല്‍ഹിയിലും പ്രതിസന്ധി രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഊര്‍ജപ്രതിസന്ധി കേരളത്തെയും ബാധിച്ചുവെന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ 1,000 മെഗാവാട്ടിന്റെ കുറവ് ഉണ്ടായെന്നും സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു.