തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്നും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കർണാടക തീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.