ആലപ്പുഴ: പാർട്ടി സംസ്ഥാനം ഭരിക്കുമ്പോൾ സിപിഎം ബ്രാഞ്ചംഗത്തെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ആശങ്കയോടെ ബന്ധുക്കൾ. സിപിഎം സജീവ അംഗത്തെ കാണാതായതിൽ നട്ടം തിരിയുന്നതു പോലീസാണ്. പാർട്ടി വിഭാഗീയതയെത്തുടർന്ന് സജീവനെ ഒളിപ്പിച്ചതാണോയെന്ന സംശയമാണ് പോലീസിനും തലവേദന ആയിരിക്കുന്നത്.
തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ കെ.സജീവനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. മത്സ്യബന്ധന ബോട്ടില്‍ ജോലിക്കു പോയ സജീവനെ ഭാര്യ സജിത വിളിച്ചതനുസരിച്ചു കരയിൽ തിരിച്ചെത്തിയെന്നു പറയുന്നുണ്ടെങ്കിലും വീട്ടിലേക്കു വന്നിട്ടില്ല.
സജിതയുടെ കുടുംബ വീടായ പുത്തന്നടയില്നിന്ന് ഓട്ടോയില്‍ തോട്ടപ്പള്ളി ജംഗ്ഷനില്‍ വന്നിറങ്ങുന്നതു കണ്ടവരുണ്ട്. എന്നാല്‍, സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍നിന്നു പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ വന്നിറങ്ങുമ്പോള്‍ അണിഞ്ഞിരുന്നത്. പുത്തന്നടയില്നിന്നു സജീവനു വസ്ത്രം നല്‍കിയത് ആരാണെന്ന സംശയവും നിലനില്‍ക്കുകയാണ്.
സജീവന്റെ തിരോധാനത്തില്‍ ഏറെ കുഴഞ്ഞിരിക്കുന്നതു പോലീസാണ്. അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് സജീവനുവേണ്ടി അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. തോട്ടപ്പള്ളി ജംഗ്ഷനില്‍നിന്നു പോലീസ് നായ മത്സ്യമാര്‍ക്കറ്റിനു സമീപം വന്നുനിന്നു.
സജീവന് സ്വയം മാറിയതാണെങ്കില്‍ ഇതിനകം തിരിച്ചെത്തുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.തോട്ടപ്പള്ളി പൂത്തോപ്പ് സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് ബ്രാഞ്ചംഗമായ സജീവനെ കാണാതാകുന്നത്.
രാഷ്ട്രീയ വിഭാഗീയതയാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ട്. സജീവനെ വിഭാഗീതയുടെ പേരില്‍ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എവിടെയുണ്ടെങ്കിലും സുരക്ഷിതനാണെന്ന് അറിഞ്ഞാല്‍ മതിയെന്നാണ് ബന്ധുക്കൾ പറയുന്നത്.