സാവോപോളോ: ബ്രസീലിലെ ആറാം ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കളിക്കിടെ റഫറിയെ ആക്രമിച്ച താരം അറസ്റ്റിൽ. സാവോപോളാ ആർ എസ് താരം വില്യം റിബെയ്റോയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയിൽ ചവിട്ടേറ്റ് മൈതാനത്ത് അബോധാവസ്ഥയിലായ റഫറി റോഡ്രീഗോ ക്രിവെല്ലാറോയെ ആശുപത്രിയിലേക്ക് മാറ്റി.
ഗൗറാനിക്കെതിരായ കളിയിൽ സാവോപോളാ ആർ.എസ് ഒരു ഗോളിന് പിന്നിട്ടുനിൽക്കെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സംഭവം. തനിക്കെതിരെ ഫൗൾ വിളിച്ച റഫറിയെ ഇടിച്ചുവീഴ്ത്തിയ റിബെയ്റോ തലക്കുപിന്നിൽ ആഞ്ഞുതൊഴിക്കുകയായിരുന്നു. വീണ്ടും ചവിട്ടാനാഞ്ഞ താരത്തെ മറ്റു കളിക്കാർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു.
ക്രിവെല്ലാറോ അനക്കമില്ലാതെ കിടന്നതോടെ അടിയന്തര സഹായവുമായി വൈദ്യസംഘം മൈതാനത്തെത്തുകയും പ്രഥമ ശുശ്രൂഷകൾക്കുശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
റിബെയ്റോയുമായുള്ള കരാർ അവസാനിപ്പിച്ചതായി അറിയിച്ച സാവോപോളാ ആർ.എസ് ക്ലബ് അധികൃതർ റഫറിയുടെ കുടുംബത്തോടും ഫുട്ബാൾ ലോകത്തോടും മാപ്പുചോദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.