തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസനെതിരേ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് ബെഹ്റയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
2019 ജൂൺ 13നാണ് മോൻസനെതിരേ ഡിജിപി അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് ഇഡിക്ക് കത്ത് നൽകിയിരുന്നു. മോൻസന്റെ വീടിന് പോലീസ് സംരക്ഷണമൊരുക്കിയതിൽ വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മോൻസൺ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരൻ എംപി. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
മോൻസന് പാസ്പോർട്ട് ഇല്ലെന്നു കേട്ടപാതി പോലീസ് വിശ്വസിച്ചു, ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം ആവശ്യമാണ്. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരൻ പറഞ്ഞു.