തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് വീണ്ടും തുറക്കും.
അവസാനവര്‍ഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാര്‍ത്ഥികളുമായി പുനരാരംഭിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ക്ലാസുകള്‍ക്കായി കോളേജുകള്‍ തുറക്കുന്നത്.
കര്‍ശന കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോളേജ് തുറക്കല്‍. ഓണ്‍ലൈന്‍ – ഓഫ്‍ലൈന്‍ ക്ലാസുകള്‍ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഒക്ടോബ 18ന് കോളേജുകള്‍ പൂര്‍ണമായും തുറക്കുകയാണ്.
കോളേജുകളില്‍ തുടക്കത്തില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പാലായില്‍ വിദ്യാര്‍ത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിലെത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അവര്‍ പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാസ്ക്, ശാരീരിക അകലം, സാനിറ്റൈസര്‍ അടക്കം കൊറോണ പ്രോട്ടോക്കോള്‍ നിര്‍ബന്ധം
രോഗ ലക്ഷണങ്ങളുള്ളവര്‍ കോളേജില്‍ പോകരുത്.
ആര്‍ക്കെങ്കിലും കൊറോണ ബാധിച്ചാല്‍ സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ക്വറന്റീന്‍
കൊറോണ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം.
ഹോസ്റ്റലുകളില്‍ ബയോബബിള്‍ സംവിധാനം കര്‍ശനം
പേന, പെന്‍സില്‍, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.
കൂട്ടംകൂടുന്നതിനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്
സംശയങ്ങള്‍ക്ക് ദിശയില്‍ ബന്ധപ്പെടാം – 104, 1056, 0471 2552056