ദീദി തന്നെ ബംഗാളിന്റെ സാരഥി; മമതാ ബാനർജി വിജയിച്ചത് 58000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍

കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു. 58,832 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മമത ബാനര്‍ജി വിജയിച്ചത്. 24,396 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രെവാളിനുള്ളത്. സിപിഎം സ്ഥാനാര്‍ഥി ശ്രീജിബ് ബിശ്വാസ് 3,534 വോട്ടുകള്‍ മാത്രമാണ് നേടിയത്. തോല്‍വി സമ്മതിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, മമത വാഗ്ദാനം ചെയ്ത ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചില്ലെന്ന് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയെ വെല്ലുവിളിച്ച് നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത തോല്‍വി സമ്മതിക്കേണ്ടി വന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം നേടിയ തെരഞ്ഞെടുപ്പില്‍ മമത മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇത് പ്രകാരമാണ് മമത വീണ്ടും സ്വന്തം മണ്ഡലമായ ഭവാനിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്.

മമത ജയമുറപ്പിച്ചതോടെ അഭിനന്ദനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മമതയ്ക്ക് ആശംസകളുമായി എത്തിയത്. ”ദീദി ഇത് നിങ്ങളുടെ വിജയമാണ്. അതാണ് സത്യത്തിന്റെ ശൈലി” – അഖിലേഷ് കുറിച്ചു.

വിജയത്തിന് ശേഷം വസതിക്ക് പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകര അഭിസംബോധന ചെയ്ത മമത ബാനര്‍ജി തന്റെ വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഭവാനിപ്പൂരിലെ ജനങ്ങളോട് താന്‍ കടപ്പെട്ടിരിക്കുന്നതായും ദീദി പറഞ്ഞു. സംസ്ഥാന കൃഷി മന്ത്രി ശോവന്ദേബ് ചതോപാധ്യായയിരുന്നു മമതയ്ക്ക് വേണ്ടി ഭവാനിപ്പൂരിലെ സീറ്റ് ഒഴിഞ്ഞുകൊടുത്തത്.