അബുദാബി: തകര്‍പ്പന്‍ റണ്‍ചേസിലൂടെ ചെന്നൈ സൂപ്പര്‍ കിങ്സിന് സീസണിലെ മൂന്നാം തോല്‍വി സമ്മാനിച്ചെങ്കിലും, രാജസ്ഥാന് റോയല്‍സിനെ പുകഴ്ത്തി ചെന്നൈ നായകന് മഹേന്ദ്രസിങ് ധോണി. രാജസ്ഥാന് താരങ്ങളുടെ ബാറ്റിങ് രീതിവച്ച് ഒരു 250 റണ്‍സെങ്കിലും നേടാനായിരുന്നെങ്കില്‍ ചിലപ്പോള്‍ ചെന്നൈ രക്ഷപ്പെടുമായിരുന്നുവെന്ന് മത്സരശേഷം ധോണി ചൂണ്ടിക്കാട്ടി. രാജസ്ഥാന് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു മുന്നേറിയതോടെ, പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോഴേയ്ക്കും മത്സരം അവര്‍ സ്വന്തമാക്കിയിരുന്നുവെന്നും ധോണി സമ്മതിച്ചു.
‘അവരുടെ ബാറ്റിങ് കണ്ടിട്ട് 250 റണ്‍സടിച്ചാല്‍ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നുവെന്ന് തോന്നുന്നു. ടോസ് നഷ്ടപ്പെട്ടത് നിര്‍ണായകമായി. 190 റണ്‍സ് മികച്ച സ്കോര്‍ തന്നെയായിരുന്നു. പക്ഷേ, വിക്കറ്റ് ബാറ്റിങ്ങിന് കൂടുതല്‍ സഹായകരമായി മാറി. അവര്‍ നന്നായിത്തന്നെ ചേസ് ചെയ്തു. ബോളര്‍മാര്‍ക്കു മേല്‍ സമ്മര്‍ദ്ദമേറ്റി. ആദ്യ ആറ് ഓവറില്‍ത്തന്നെ അവര്‍ മത്സരം സ്വന്തമാക്കിയിരുന്നു’ – ധോണി പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയ്ക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 60 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് ഒന്‍പതു ഫോറും അഞ്ച് സിക്സും സഹിതം 101 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന പന്തില്‍ മുസ്താഫിസുര്‍ റഹ്മാനെതിരെ സിക്സര്‍ നേടിയാണ് ഗെയ്ക്വാദ് സെഞ്ചുറിയിലെത്തിയത്.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്സ്വാളും തകര്‍ത്തടിച്ചതോടെ രാജസ്ഥാന് അനായാസം വിജയത്തിലെത്തി. വെറും 32 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 77 റണ്‍സാണ്. ലൂയിസ് 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 27 റണ്‍സെടുത്തു. ജയ്സ്വാള്‍ 21 പന്തില്‍ ആറു ഫോറും മൂന്നു സിക്സും സഹിതം 50 റണ്‍സെടുത്തും പുറത്തായി.
ഇരുവരും പുറത്തായശേഷം അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശിവം ദുബെയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ദുബെ 42 പന്തില്‍ നാലു വീതം സിക്സും ഫോറും സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് 24 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ ഫിലിപ്സ് എട്ടു പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.