ന്യൂഡെൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് നിരയിൽനിന്ന് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെന്‍ഡുൽക്കർ പുറത്ത്. പരിശീലനത്തിനിടെ സംഭവിച്ച പരുക്കാണ് ഓൾറൗണ്ടറായ അർജുൻ തെൻഡുൽക്കറിന് വിനയായത്. അർജുന്റെ പകരക്കാരനായി ഡെൽഹി താരം സിമർജീത് സിങ്ങിനെ മുംബൈ ഇന്ത്യൻസ് നിരയിൽ ഉൾപ്പെടുത്തി.
ഐപിഎൽ ചട്ടങ്ങൾ അനുസരിച്ച് ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കിയ സിമർജീത് സിങ്, ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായി മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി. അർജുൻ തെൻഡുൽക്കർ ടീം വിടാൻ കാരണമായ പരുക്കിന്റെ വിശദാംശങ്ങൾ വാർത്താ കുറിപ്പിൽ വിശദീകരിച്ചിട്ടില്ല.
ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കറിനെ സ്വന്തമാക്കിയത്. ടീമിന്റെ ഭാഗമായെങ്കിലും ഇതുവരെ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
മുമ്പ് ഒട്ടേറെത്തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന വേളകളിൽ നെറ്റ് ബോളറായി അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ 2021 ജനുവരിയിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ മുംബൈ സീനിയർ ടീമിനായും അരങ്ങേറി. അർജുന്റെ പകരക്കാരനായി എത്തുന്ന സിമർജീത് സിങ് അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ട്വന്റി20 ടീമിൽ അംഗമായിരുന്നു. എങ്കിലും ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാനായില്ല.