കൊച്ചി: നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് മോൻസൺ മാവുങ്കലിന് സുരക്ഷ നൽകിയതെന്ന് സംസ്ഥാന പോലീസ് മുൻ മേധാവി ലോക്നാഥ് ബെഹ്റ. മോൻസന് സുരക്ഷയൊരുക്കിയതിനെ ന്യായീകരിച്ചാണ് ലോക്നാഥ് ബെഹ്റ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പോലീസ് മേധാവി പദവിയിലിരിക്കെ തനിക്ക് ഒരു അപേക്ഷ ലഭിച്ചപ്പോൾ അത് പരിശോധിക്കാൻ ഇന്റലിജൻസ് മേധാവിക്ക് നിർദേശം നൽകുകയാണ് ചെയ്തത്. സുരക്ഷ നൽകാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെഹ്റ വ്യക്തമാക്കി.
ഒരു പൗരന് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് താൻ ശ്രമിച്ചത്. വഴിവിട്ട ഒരു ഇടപാടുകളും നടത്തിയിട്ടില്ല. പിന്നീട് പുരാവസ്തു വിൽപനയുടെ മറവിൽ ചില തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ഇഡി അന്വഷണം ആവശ്യപ്പെട്ടത്. ഡെൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായിരുന്നു അന്വേഷണത്തിന് ശുപാർശ നൽകി കത്തയച്ചതെന്നും ബെഹ്റ പ്രതികരിച്ചു.
2019ലായിരുന്നു ഇത് സംബന്ധിച്ച നിർദേശം ബെഹ്റ സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ചേർത്തലയിലുള്ള വീട്ടിലും കൊച്ചിയിലെ കലൂരിലുള്ള വീട്ടിലും മോൻസന് സുരക്ഷ ലഭിച്ചിരുന്നു. പോലീസ് സംരക്ഷ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.