ബർലിൻ: ജർമൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. മധ്യ–ഇടതു നിലപാടുകാരായ സോഷ്യൽ ഡെമോക്രാറ്റ്സ് (എസ്പിഡി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു)– ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ (സിഎസ്‌യു) കൺസർവേറ്റീവ് സഖ്യം രണ്ടാമതെത്തി.
മൂന്നും നാലും സ്ഥാനത്തുള്ള ഗ്രീൻസ്, ലിബറൽ ഫ്രീ ഡമോക്രാറ്റ്സ് (എഫ്ഡിപി) എന്നിവരുമായി ചേർന്നു ത്രികക്ഷി സർക്കാരുണ്ടാക്കുമെന്ന് എസ്ഡിപി നേതാവ് ഒലാഫ് ഷോൽസ് (63) പറഞ്ഞു. ജർമനിയിലെ ഏറ്റവും പഴയ കക്ഷിയായ എസ്പിഡി 25.7 % വോട്ടുകളാണു നേടിയത്.2017 ലെ തിരഞ്ഞെടുപ്പിലെക്കാൾ അഞ്ചു ശതമാനം കൂടുതലാണിത്.
കൺസർവേറ്റീവ് സഖ്യം 24.1% നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെക്കാൾ 9% കുറവ്. ഗ്രീൻസ് 14.8%, എഫ്ഡിപി 11.5 % വീതം നേടി. തിരിച്ചടി നേരിട്ടെങ്കിലും കൺസർവേറ്റീവ് നേതാവ് അർമിൻ ലാഷറ്റും (60) സഖ്യ സർക്കാരുണ്ടാക്കാനാവുമെന്നു പറഞ്ഞു. ആർക്കു പിന്തുണ നൽകണമെന്ന് കൂടിയാലോചനകൾക്കുശേഷം പ്രഖ്യാപിക്കുമെന്ന് ഗ്രീൻസ്–എഫ്ഡിപി കക്ഷികൾ പറഞ്ഞു.
മെർക്കലിന്റെ കൂട്ടുകക്ഷി സർക്കാരിൽ ഷോൽസ് ധനമന്ത്രിയായിരുന്നു. നാലു വട്ടം ചാൻസലറായി ചരിത്രം സൃഷ്ടിച്ച മെർക്കൽ ഇത്തവണ മത്സരിച്ചില്ല. പുതിയ സർക്കാർ സ്ഥാനമേൽക്കും വരെ അവർ കാവൽ സർക്കാരിനെ നയിക്കും.
പരിസ്ഥിതി വാദികളായ ഗ്രീൻസും ബിസിനസ് അനുകൂലികളായ എഫ്ഡിപിയും ഊർജം, നികുതി അടക്കം വിവിധ വിഷയങ്ങളിൽ ഭിന്നധ്രുവത്തിലാണെങ്കിലും ഇവരുടെ പിന്തുണയോടെ ക്രിസ്മസിനകം പുതിയ സർക്കാർ രൂപീകരിക്കുമെന്നാണു ഷോൽസ് പറഞ്ഞത്.
2005നു ശേഷം ആദ്യമായാണു എസ്പിഡി ഭരണം നയിക്കാൻ പോകുന്നത്. യുഎസിലെ ഡെമോക്രാറ്റ് വിജയത്തിനു പിന്നാലെ ഈ വർഷമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ നോർവെയിലും മധ്യ– ഇടതു പ്രതിപക്ഷമാണു വിജയിച്ചത്. സഖ്യസർക്കാർ രൂപീകരണം ആഴ്ചകളോ മാസങ്ങളോ നീണ്ടേക്കാമെന്നാണു സൂചന.