ന്യൂഡെല്‍ഹി: ചികിത്സാ രംഗത്ത് ഇടത്തരക്കാര്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കുമുള്ള പ്രശ്ന പരിഹാരത്തിന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ ഭാരത് മിഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗം ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച ആയുഷ്മാന്‍ ഭാരത് വഴി രാജ്യത്തെ ഏത് ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് മികച്ച ചികിത്സ തേടാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചത്.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനും ചികിത്സാ സംബന്ധമായ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യക്തികളുടെ അനുമതിയോടു കൂടി ആരോഗ്യരേഖകള്‍ ഡിജിറ്റല്‍ രൂപത്തിലൂടെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലേയ്ക്ക് തടസ്സമില്ലാതെ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും പദ്ധതി വഴി സാധിക്കും. നിലവില്‍ ആറ് കേന്ദ്രഭരണപ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിവന്നിരുന്ന പദ്ധതിയാണ് ഇപ്പോള്‍ രാജ്യത്താകമാനം നടപ്പാക്കുന്നത്.
പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാനായി ഒരു ഹെല്‍ത്ത് ഐഡി, ഇതിലെ വിവരങ്ങള്‍ കാണാനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രജിസ്ട്രി (എച്ച്പിആര്‍), ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള രജിസ്ട്രികള്‍ (എച്ച്എഫ്ആര്‍) തുടങ്ങിയവയാണ് ആയുഷ്മാന്‍ ഭാരത് മിഷനിലെ പ്രധാന ഘടകങ്ങള്‍. ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും.
ലോകത്ത് ഒരിടത്തും ഇന്ത്യയെ പോലെ ഇത്രയും വലിയ ഡിജിറ്റല്‍ സംവിധാനം നിലവിലില്ല. രാജ്യത്ത് 118 കോടി ജനങ്ങളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. യുപിഐ സംവിധാനം സാധാരണക്കാരുടെ ഇടയില്‍ വരെ പ്രചാരം നേടി. 80 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 43 കോടി ജന്‍ ധന് അക്കൗണ്ടുകള്‍ രാജ്യത്ത് ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതുവഴി പൗരന്മാര്ക്ക് തന്നെ തങ്ങളുടെ ആരോഗ്യപരമായ വിവരങ്ങള്‍ സുരക്ഷിതമായി അപ് ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ഏത് കോണില്‍ നിന്ന് കൊണ്ടും ഡോക്ടര്‍മാരുടെ സേവനം തേടാന്‍ സാധിക്കും. പുതിയ പദ്ധതിയുടെ ഭാഗമായി സവിശേഷ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നി വിശദാംശങ്ങള്‍ ചേര്‍ക്കുന്ന മുറയ്ക്ക് തന്നെ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്ന വിധമാണ് ക്രമീകരണം ഒരുക്കിയത്.
ഹെല്‍ത്ത് അക്കൗണ്ട് എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഇതില്‍ രോഗവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ലഭ്യമാക്കും. മൊബൈല്‍ ആപ്പ് വഴി ഇത് ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനുള്ള സംവിധാനവും ഇതില്‍ ക്രമീകരിക്കും.