ബഗോട്ട: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ശാസ്ത്രജ്ഞരുടെ കര്‍മ്മസമിതി പിരിച്ചുവിട്ടു. വിപുലമായ ജൈവസുരക്ഷാ ഗവേഷണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന അന്വേഷണ സമിതി പിരിച്ചുവിട്ടതായി കൊളംബിയ സര്‍വ്വകലാശാല പ്രൊഫസര്‍ ജെഫ്രി സാക്സാണ് അറിയിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എക്കോഹെല്‍ത്ത് അലയന്‍സുമായുള്ള സഹകരണത്തിലെ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ലാന്‍സെറ്റ് ശാസ്ത്ര ജേണലുകളുമായി ബന്ധപ്പെട്ട കൊറോണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ് ജെഫ്രി സാക്സ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് പഠനം നടത്തുന്നത്. വവ്വാലുകളില്‍ നിന്നുള്ള കൊറോണ വൈറസുകളെ കുറിച്ച് പഠിക്കുന്നതിനായി യുഎസ് ഫണ്ട് ഉപയോഗിക്കുന്നതിനാല്‍, എക്കോഹെല്‍ത്ത് അലയന്‍സ് 2020 മുതല്‍ ശാസ്ത്രജ്ഞരുടെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സൂക്ഷ്മനിരീക്ഷണത്തിലാണ്.
എക്കോഹെല്‍ത്ത് അലയന്‍സ് പ്രസിഡന്റ് ഡോ. പീറ്റര്‍ ഡസ്സാക്കാണ് ജൂണില്‍ സ്വയം ഒഴിയുന്നതുവരെ കര്‍മ്മസമിതിക്ക് നേതൃത്വം നല്‍കിയിരുന്നത്. ഡസ്സാക്കുമായോ അലയന്‍സുമായോ അവരുടെ പദ്ധതികളുമായോ സഹകരിച്ചിരുന്നവരാണ് കര്‍മ്മ സമിതിയിലെ ചില അംഗങ്ങള്‍. അതിനാല്‍, അലയന്‍സുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്ര സമിതിയെ ഇനി ആവശ്യമില്ലെന്നാണ് സാക്സിന്റെ നിലപാട്.
അതേസമയം, പിരിച്ചുവിടപ്പെട്ട ശാസ്ത്രസമിതിയുടെ താല്‍പര്യങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അംഗങ്ങളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടത്. വൈറസ് മനുഷ്യരില്‍ എങ്ങനെ എത്തിയെന്ന് കണ്ടുപിടിക്കാനും വിലയിരുത്താനുമുള്ള സമിതിയുടെ കഴിവിനെ അത് പ്രതിസന്ധിയിലാക്കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ലാന്‍സെറ്റ് കൊറോണ കമ്മീഷന്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും 2022 മധ്യത്തോടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നുമാണ് ഡോ. സാക്സിന്റെ പ്രതികരണം.
ലോകത്തെയാകെ ബാധിച്ച മഹാമാരിയുടെ ഉത്ഭവം അറിയാനുള്ള ലോകത്തിന്റെയാകെ പ്രതീക്ഷയ്ക്ക് പുതിയ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്. വൈറസ് ബാധ സംബന്ധിച്ച ഇപ്പോഴും ആശങ്കകളും ആരോപണങ്ങളും തുടരുന്ന സാഹചര്യത്തില്‍ വൈറസ് മൃഗങ്ങളില്‍ നിന്നോ ലാബുകളില്‍ നിന്നോ ഉത്ഭവിച്ചതാണോ, ലാബുകളിലെ ഗവേഷണവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റുകളില്‍ നിന്നുണ്ടായതാണോ എന്നിങ്ങനെയുള്ള നിരവധി സംശയങ്ങള്‍ക്കും പുതിയ ഗവേഷണം ഉത്തരം നല്‍കുമെന്ന പ്രതീക്ഷകള്‍ ഇതോടെ അവസാനിപ്പിക്കേണ്ടിവരുമോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.