ഗുജറാത്ത് കടലിൽ ഹെറോയിനുമായി പിടിയിലായ ഇറാനിയൻസംഘം കൊച്ചി തീരത്ത് മയക്കുമരുന്ന് കൈമാറാൻ പദ്ധതിയിട്ടു

അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലിൽ പിടിയിലായ ഇറാനിയൻ സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കൻ അധികൃതരുടെ പിടിയിലാകാൻ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷകസംഘത്തോട് ഇവർ പറഞ്ഞു. പോർബന്ദർ തീരത്തുവെച്ച് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് പിടികൂടിയ ഇറാനിയൻ കള്ളക്കടത്തുകാരെ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോളാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

ഇറാനിലെ കൊനാരക് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇവരെ നിയോഗിച്ചത് ഇമാം ബക്ഷ്, ഖാൻ സാഹബ് എന്നിവരാണ്. പാക് കടൽ അതിർത്തിയിൽവെച്ച് 30 കിലോ ഹെറോയിൻ കൈമാറിയത് ഗുലാം എന്ന ഏജന്റാണ്. കൊച്ചി തീരത്ത് അലി മുഹമ്മദ് എന്നയാൾ ഇതുവാങ്ങുമെന്നായിരുന്നു അറിയിച്ചത്. ലങ്കൻ പതാകയുള്ള ഒരു ബോട്ടുമായാണ് ഇയാൾ എത്തുകയെന്നും അറിയിച്ചിരുന്നു.

പക്ഷേ, സംഘം ഗുജറാത്ത് കടൽ അതിർത്തിയിൽ എത്തിയപ്പോൾ പദ്ധതിമാറ്റാൻ നിർദേശം വന്നു. ഈയിടെനടന്ന വൻ ഹെറോയിൻ വേട്ടയെത്തുടർന്ന് ലങ്കൻ ഏജൻസികൾ പരിശോധന കർശനമാക്കിയിരുന്നു. ഇതിനാൽ അലി മുഹമ്മദ് ദൗത്യത്തിൽനിന്ന് പിന്മാറി. ഇന്ത്യയിലെ പഞ്ചാബിലേക്ക് ചരക്കയക്കാൻ പിന്നീട് ഏർപ്പാടായി. പക്ഷേ, രണ്ടുദിവസം ഇറാനിയൻസംഘത്തിന് ഗുജറാത്ത് കടലിൽ കാത്തുകിടക്കേണ്ടിവന്നു. ഇത് സംശയത്തിനിടയാക്കുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.

ഇതിനിടെ മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടിച്ച കേസ് എൻ.ഐ.എ.ക്ക് കൈമാറാനുള്ള സാധ്യത തെളിഞ്ഞു. ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ തീവ്രവാദസംഘങ്ങൾ കടത്തിനുപിന്നിലുണ്ടെന്ന സൂചനയെത്തുടർന്നാണിത്. ഇതിനകം വിവിധ രാജ്യക്കാരായ എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഡി.ആർ.ഐ. ആണ് നിലവിൽ കേസന്വേഷിക്കുന്നത്.