തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെൻ്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതൽ ഒക്ടോബർ ഒന്ന് വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളിൽ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിർദേശം.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. കൊറോണ മാനദണ്ഡം പാലിച്ചാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്.
ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലികക്കാർക്ക് വേണ്ടിവന്നാൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം.
അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല. അതേസമയം, ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂള്‍ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്ത് പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.