രാജ്യത്തെ പ്രതിദിന വാക്സിനേഷനിൽ ഇന്ന് ചരിത്ര ദിനം; വിതരണം ചെയ്ത വാക്സിൻ ഡോസുകൾ രണ്ട് കോടി പിന്നിട്ടു

ന്യൂഡെല്‍ഹി: രാജ്യത്താകമാനം നല്‍കിയ കൊറോണ വാക്‌സിന്‍ ഡോസുകളുടെ എണ്ണം പുതിയ റെക്കാഡില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ ദിനമായ ഇന്ന് വൈകുന്നേരം 5:05 വരെ ആകെ നല്‍കിയ വാക്‌സിനുകളുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. ഇതോടെ ഇന്ത്യയില്‍ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 79 കോടി പിന്നിട്ടതായാണ് വിവരം.

ഏറ്റവുമധികം കൊറോണ രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ ഇതുവരെ 54 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 18 കോടി പേര്‍ക്ക് മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയത്. ആകെ നല്‍കിയത് 38.3 കോടി ഡോസ് വാക്‌സിന്‍. ഇന്ത്യ നല്‍കിയതിന്റെ നേര്‍പകുതി മാത്രം. 49 ലക്ഷം മാത്രം ജനസംഖ്യയുള‌ള ന്യൂസിലാന്റില്‍ ഇതുവരെ പൂര്‍ണമായും വാക്‌സിന്‍ നല്‍കിയത് 31.6ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ്. ആകെ നല്‍കിയത് 45.7 ലക്ഷം ഡോസ് വാക്‌സിനും.

2.58 കോടി ജനസംഖ്യയുള‌ള ഓസ്‌ട്രേലിയയില്‍ ഇതുവരെ 2.38 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ആകെ ജനസംഖ്യയില്‍ 36 ശതമാനത്തിന് മാത്രമാണ് പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ചത്. 91.4 ലക്ഷം പേര്‍ക്ക്. ഈ സ്ഥാനത്താണ് ഇന്ത്യയില്‍ 18.8 കോടി പേര്‍ക്ക് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.

ഇന്ത്യയില്‍ ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് കോടി ഡോസ് വാക്‌സിന്‍ എന്ന പുതിയ റെക്കാഡാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബിജെപി പാര്‍ട്ടിയിലെ ആരോഗ്യ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടാണ് വാക്‌സിന്‍ യജ്ഞത്തില്‍ ഏകോപനം നടത്തുന്നത്.

കൊറോണയിൽ നിന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രിയ്‌ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ യ‌ജ്ഞത്തിലൂടെ പാര്‍ട്ടി നല്‍കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. പ്രധാനമന്ത്രി രാവും പകലും പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സുരക്ഷയ്‌ക്കായി ചെയ്യുന്നതിലും പ്രത്യേകത വേറെന്തിനാണുള‌ളതെന്നും അദ്ദേഹം ചോദിച്ചു.