കുവൈറ്റിൽ കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു: രോ​ഗബാധിതർ 3440

കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധയെ തുടർന്ന് ഒരു ഇന്ത്യക്കാൻ കൂടി മരിച്ചു. 61 വയസ്‌ പ്രായമായ ഇന്ത്യക്കാരനാണു മരണമടഞ്ഞത്‌. ജാബിർ ആശുപത്രിയിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊറോണ വൈറസ്‌ ബാധിച്ച്‌ രാജ്യത്ത്‌ മരിച്ചവരുടെ എണ്ണം 23 ആയി. ഇവരിൽ 8 പേർ ഇന്ത്യക്കാരാണ്.

ഇന്ന് 64 ഇന്ത്യക്കാർ അടക്കം ആകെ 152 പേർക്ക്‌ പുതുതായി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 3440 ആയി. ഇവരിൽ 1682 പേർ ഇന്ത്യാക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 64 ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും മുമ്പ്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണു രോഗ ബാധയേറ്റത്‌.

ഇന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആകെ 152 രോഗികളിൽ 128 പേർക്ക്‌ രോഗബാധയേറ്റവരുമായുള്ള സമ്പർക്കം വഴിയും 9 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.

164 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്‌. ആകെ 1176 പേർ കൊറോണ വൈറസ്‌ ബാധയിൽ നിന്നും രോഗമുക്തി നേടി.