ന്യൂഡെൽഹി: പ്ലസ് വണ്‍ പരീക്ഷ സ്കൂളുകളിൽ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല.
ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരീക്ഷ നടപടികൾക്ക് തടയിട്ടത്. കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
കൊറോണ വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊറോണയെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.