തിരുവനന്തപുരം: ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോൽപ്പിക്കാൻ സഹായം തേടി ഉമ്മൻ ചാണ്ടിയുടെ ദൂതൻ തന്നെ സമീപിച്ചിരുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ഒരു ചാനലിലെ അഭിമുഖത്തിലാണ് വെളളാപ്പളളി ഈ ആരോപണം ഉന്നയിച്ചത്. ‘2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സംഭവം.
ഓർത്തഡോക്സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകൾ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവർ മാറി വോട്ട് ചെയ്യും. നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാം’ എന്നാണ് ദൂതൻ പറഞ്ഞത്.
ഉമ്മൻ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാൻ പറയുന്നില്ല.എന്നാൽ വന്നയാൾ സഭയുടെ പ്രതിനിധിയായിരുന്നു. ആ പണിക്ക് ഞങ്ങളില്ലെന്നും ദൂതനോട് പറഞ്ഞു- വെളളാപ്പളളി വ്യക്തമാക്കി. ഓർത്തഡോക്സ് സഭാംഗമാണ് ഉമ്മൻ ചാണ്ടി – വെള്ളാപ്പള്ളി പറയുന്നു.
കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാൻ നോക്കി. ഈഴവനായ സുധീരൻ ഈഴവനായ എന്നെ എതിർത്താൽ മറ്റ് സമുദായങ്ങളുടെ പിന്തുണ ലഭിക്കുമെന്ന രാഷ്ട്രീയ അടവുനയമാണ് പയറ്റിയത്. രമേശ് ചെന്നിത്തല പിന്നിൽ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി മുന്നിൽ നിന്ന് കുത്തി.
കേരള കോൺഗ്രസ്- മാണി വിഭാഗത്തിന് ലഭിച്ച പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കെ.എം. മാണിയും ഞാനുമായുള്ള ധാരണ പ്രകാരം ഈഴവ സമുദായത്തിനാണ് നൽകിയത്. അത് ഉമ്മൻചാണ്ടി തിരിച്ചെടുത്ത് മാനസപുത്രന് നൽകി. ഇക്കാര്യം .മാണിയോട് ചോദിച്ചപ്പോൾ ,വിഷമമുണ്ടെന്നും താൻ ബലഹീനനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ശക്തനും കരുത്തനുമാണ് പിണറായി വിജയൻ. പാർട്ടിയെ ഒന്നാക്കി നിറുത്തിയത് ആ ഉരുക്കു മനുഷ്യനാണ്. ഗ്രൂപ്പ് വഴക്കു കാരണം ഛിന്നഭിന്നമായ പാർട്ടിയെ ഒന്നാക്കാൻ സാക്ഷാൽ സർദാർ പട്ടേലിന്റെ പ്രതിരൂപനായാണ് പിണറായി പ്രവർത്തിച്ചത്- വെളളാപ്പളളി പറഞ്ഞു.