സിലിഗുരി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശ്ചിമ ബംഗാളിലെ ദക്ഷിണ് ദിനാജ്പൂര്‍ ജില്ലയില്‍ നിന്ന് 57 കോടി രൂപയുടെ പാമ്പിന് വിഷം അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തു. മൂന്ന് സ്ഫടിക പാത്രങ്ങളിലായി പൗഡര്‍, ഖര-ദ്രാവക രൂപത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഏകദേശം 12 പൗണ്ട് തൂക്കം വരുന്ന പാമ്പിന് വിഷത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 57 കോടി രൂപ വിലവരുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി. പാമ്പിന് വിഷം സൂക്ഷിച്ചിരുന്ന ജാറുകളില്‍ ഫ്രാന്‍സില്‍ ഉണ്ടാക്കിവയാണെന്ന് രേഖപ്പെടുത്തിയിരുന്നതായും ബി.എസ്.എഫ് അറിയിച്ചു.
ഡോംഗി ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ശ്രദ്ധിക്കപ്പെടാത്ത ഒരു വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. പാമ്പിന് വിഷം അടങ്ങിയിരിക്കുന്നതായി സംശയിക്കുന്ന ജാറുകള്‍ ചാക്കിനുളളില്‍ മണലില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ജാറുകളില്‍ കോബ്ര എസ്പി – റെഡ് ഡ്രാഗണ്‍ – മെയ്ഡ് ഇന്‍ ഫ്രാന്‍സ് – കോഡ് നമ്പര്‍- 6097, എന്ന് രേഖപ്പെടുത്തിയിരുന്നതായും ബി.എസ്.എഫ് പറയുന്നു.
ഫ്രാന്‍സില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വിഷം കൊണ്ടുവരാനാണ് സാദ്ധ്യതയെന്നാണ് സൂചന. കള്ളക്കടത്തുകാര്‍ ഉല്‍പ്പന്നം ഇന്ത്യയിലേക്കും അവിടെ നിന്ന് അത് ചൈനയിലേക്കും അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നുമാണ് ബിഎസ്എഫ് വെളിപ്പെടുത്തിയിരിക്കുന്നത്.