ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി; ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തൻ; സത്യപ്രതിജ്ഞ നാളെ

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഗാട്‌ലോദിയ മണ്ഡത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്. നാളെ തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം.

നിലവില്‍ യുപി ഗവര്‍ണറായ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍. ഇന്നലെയാണ് അപ്രതീക്ഷിതമായി വിജയ് രൂപാണി രാജിവെച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊറോണ കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്

ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായി ഉയര്‍ന്നു കേട്ട മറ്റ് രണ്ട് പേരുകള്‍. 2016 ല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചത്. പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും ഏവരെയും അമ്പരപ്പിച്ചു.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. രൂപാണിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതോടെ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ദാര്‍ ദാം കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഗവര്‍ണറെ കണ്ട് വിജയ് രൂപാണി രാജി സമര്‍പ്പിക്കുകയായിരുന്നു.