വാഷിംഗ്ടൺ: കണ്ണടയെന്നാൽ വായനയ്ക്കും കാഴ്ചയ്ക്കും കൂടുതൽ വ്യക്തത നൽകുന്ന മാധ്യമം എന്നത് ഇനി പഴയസങ്കൽപ്പം. ഇനി
ഫോട്ടോ എടുക്കാനും പാട്ട് കേൾക്കാനുമൊക്കെ ഫോൺ വേണ്ട കണ്ണട മതി. ഇതെല്ലാം ഒറ്റയടിക്ക് നടക്കും. കണ്ണടയിലെ വിസ്മയമായി പ്രമുഖ കണ്ണട നിർമാണ കമ്പനിയായ റെയ്-ബാനുമായി സഹകരിച്ച് ഫെയസ്ബുക്കാണ് പുതിയ താരത്തെ അവതരിപ്പിച്ചിരിക്കുന്നത്.
‘റെയ്-ബാൻ സ്റ്റോറീസ്’ എന്നാണ് ഗ്ലാസിന് പേരിട്ടിരിക്കുന്നത്. ഇരുവശത്തുമായി രണ്ടു കാമറകളും, ഇയർഫോണുകളായി പ്രവർത്തിക്കാവുന്ന തരത്തിലുള്ള സ്പീക്കറുകളുമാണ് കണ്ണടയുടെ പ്രധാന ആകർഷണം. അടുത്ത പാട്ടിലേക്ക് പോകാനും കേട്ട പാട്ട് ആവർത്തിച്ച് കേൾക്കാനുമൊക്കെ പറ്റും.
സ്മാർട് ഗ്ലാസുമായി ബന്ധിപ്പിച്ചാൽ ഫോണിലേക്ക് വരുന്ന കോളുകൾ സ്വീകരിക്കാനും മറുപടി പറയാനും വരെ കഴിയും. അതേസമയം പുതിയ കണ്ടുപിടുത്തതിന് പിന്നിലെ സ്വകാര്യതാ പ്രശ്നവും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റുള്ളവർ അറിയാതെ ഗ്ലാസ് ധരിച്ച വ്യക്തി പൊതുവഴിയിലും ആൾക്കൂട്ടത്തിലുമെല്ലാം ഫോട്ടോയും വിഡിയോയും പകർത്തി നടക്കാമെന്നതാണ് ഈ ആശങ്കയ്ക്ക് പിന്നിലെ കാരണം.
ഗൂഗിൾ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോൾ സൗകാര്യത സംബന്ധിച്ച ഉത്കണ്ഠ ഒരു പരിധിവരെയെങ്കിലും റെയ്-ബാൻ സ്റ്റോറീസിൽ പരിഹരിച്ചിട്ടുണ്ട്. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച് ചിത്രങ്ങളോ വിഡിയോ പകർത്തിയാൽ അത് മനസ്സിലാക്കാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല, എന്നാൽ റെയ്-ബാൻ സ്റ്റോറീസ് ചിത്രങ്ങളോ വിഡിയോയോ പകർത്തുമ്പോൾ അതിന്റെ മുന്നിലൊരു ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കും എന്നതാണ് പ്രത്യേകത.
പകൽ സമയത്ത് ഇത് എത്രമാത്രം വ്യക്തമാകും എന്നകാര്യത്തിൽ നിരവധിപ്പേർ സംശയം പ്രകടിപ്പിച്ചു. രണ്ട് അഞ്ച് എംപി ക്യാമറകളാണ് റെയ്-ബാൻ സ്റ്റോറീസിന്റെ ഇരു വശത്തുമായി ഘടിപ്പിച്ചിരിക്കുന്നത്. ഫ്രെയ്മിലുള്ള ഹാർഡ്‌വെയർ ബട്ടൺ ഉപയോഗിച്ചോ, വോയിസ് കമാൻഡ് വഴിയോ നിയന്ത്രിക്കാനാകും.
ഹായ് ഫെയ്‌സ്ബുക് ടെയ്ക് എ പിക്ചർ , റെക്കോർഡ് എ വിഡിയോ എന്നെല്ലാം പറഞ്ഞാൽ പോലും കാര്യം മനസിലാകും. പക്ഷെ ഇവയിൽ പകർത്തുന്ന ചിത്രങ്ങളുടെ മികവിനേക്കുറിച്ച് അത്ര മതിപ്പില്ല.
299 ഡോളറാണ് റെയ്-ബാൻ സ്റ്റോറീസിന് വിലയിട്ടിരിക്കുന്നത്, അതായത് ഏകദേശം 30,000 രൂപ. അതേസമയം ഗ്ലാസിലെ എആർ ഫീച്ചറുകളുടെ അഭാവം നിരാശപ്പെടുത്തുന്നുണ്ട്. വാട്ടർ റെസിസ്റ്റന്റ് അല്ലാത്തതിനാൽ മഴയത്തും നീന്തൽ കുളത്തിലുമൊന്നും ഉപോഗിക്കുക പ്രായോഗികമല്ല.