ഇടുക്കിയിൽ മൂന്നുപേർക്ക് കൂടി കൊറോണ ; തൊടുപുഴ നഗരസഭാംഗത്തിനും ആരോഗ്യ പ്രവർത്തകനും രോഗബാധ

ഇടുക്കി : ജില്ലയിൽ മൂന്നുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ. തൊടുപുഴ നഗരസഭാംഗം, ജില്ലാ ആശുപത്രിയിലെ മെയിൽ നേഴ്സ്, നിലമ്പൂരിൽ ജോലി ചെയ്ത 23 കാരൻ എന്നിവർക്കാണ് കഴിഞ്ഞ രാത്രിയിൽ കൊറോണ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷമാണ് ഇവരുടെ പരിശോധനാഫലം ലഭിച്ചത്. മൂവരെയും ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഇടുക്കിയിൽ 17 പേരാണ് രോഗബാധിതരായി ആശുപത്രിയിൽ ഉള്ളത്.

തൊടുപുഴ നഗരസഭാ കൗൺസിലർ നിരവധിപ്പേരുമായി അടുത്തിടപഴകി എന്നത് ഏറ്റവും ആശങ്കാജനകമാണ്. നഗരസഭാംഗവും മെയിൽ നഴ്‌സും ഇന്നലെവരെ സാധാരണ നിലയിൽ പ്രവർത്തിച്ചവരാണ്.

നിലമ്പൂരില്‍ നിന്നാണ് 23 കാരനായ യുവാവിന് രോഗം പിടിപെട്ടതെന്ന് സൂചന. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്‍റായി ജോലി ചെയ്യുകയായിരുന്നു.

ഇയാള്‍ ജോലി ചെയ്തിരുന്ന നിലമ്പൂര്‍ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാന്‍സ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത് മുതല്‍ ഭവന സന്ദര്‍ശനം നിര്‍ത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ വിശദീകരിക്കുന്നുണ്ട്. എന്നാലും മുന്‍കരുതല്‍ നര്‍പടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവില്‍ ആശങ്ക ജനകമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാന്‍ നടപടി വേണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.