രോഗികളില്‍ വർധന; രാജ്യത്ത് 37,875 കൊറോണ ബാധിതര്‍; 369 മരണം

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും 21.3 ശതമാനം വര്‍ദ്ധനവാണ് രാജ്യത്തുള്ള രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,30,96,718 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 17,53,745 പരിശോധന നടത്തിയിരിക്കുന്നത്. 53.49 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 369 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ് മരണസംഖ്യ 4,41,042 ആയി ഉയര്‍ന്നു. 369 മരണങ്ങളില്‍ 189 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.48 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,114 പേര്‍ കൊറോണ മുക്തി നേടി. ഇതോടെ 3,22,64,051 പേരാണ് ഇതുവരെ രോഗമുക്തരായത്.

വിവിധ സംസ്ഥാനങ്ങളിലായി 3,91,256 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം സജീവ രോഗികളും കേരളത്തിലാണ്.

റെക്കോര്‍ഡ് വാക്‌സിനേഷന് ശേഷം 78,000ത്തിലധികം വാക്‌സിനേഷനാണ് കഴിഞ്ഞ ദിവസമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78,47,625 പേര്‍ക്ക് കൂടി കൊറോണ പ്രതിരോധ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 70,75,43,018 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കുറവില്ലാതെ തുടരുന്ന ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്.