പെഷവാർ: പാക്കിസ്ഥാനിലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മുന്നറിയിപ്പുമായി തെഹ്രിക് ഇ താലിബാൻ ഭീകരർ (ടിടിപി). തങ്ങളെ ഭീകര സംഘടന എന്ന് വിളിക്കരുത്. അങ്ങനെ വിശേഷിപ്പിക്കുന്നവരെ ശത്രുക്കളായി കണക്കാക്കുമെന്നും പാക് താലിബാൻ എന്നറിയപ്പെടുന്ന ടിടിപി മുന്നറിയിപ്പ് നൽകി.
ഭീകരരും തീവ്രവാദികളുമായി തങ്ങളെ മുദ്രകുത്തുന്നവരെ നിരീക്ഷിച്ച് വരികയാണെന്ന് ടിടിപി ഭീകര വക്താവ് മുഹമ്മദ് ഖുറാസാനി സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പക്ഷപാതപരമായ നിലപാടാണെന്നും അവർ ശത്രുക്കളെ സൃഷ്ടിക്കുകയാണെന്നും ഖുറാസാനി കുറ്റപ്പെടുത്തുന്നു.
2007ലാണ് തെഹ്രിക് ഇ താലിബാൻ ഭീകര സംഘടന പാക്കിസ്ഥാനിൽ രൂപീകൃതമായത്. 2008 ഓഗസ്റ്റിൽ ടിടിപിയെ പാക് സർക്കാർ നിരോധിത സംഘടനയിൽ ഉൾപ്പെടുത്തി. നിരവധി തവണ പാക്കിസ്ഥാന് ഭീഷണി ഉയർത്തിയ സംഘടനയാണിത്. പാക്കിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു ഇത്. അഫ്ഗാനിലുള്ള പാക് ഭീകരരിൽ ഭൂരിഭാഗവും ടിടിപിയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ പിടിച്ചെടുത്തത് തെഹ്രിക് ഇ താലിബാൻ ഭീകരർ അടക്കം പല തീവ്രവാദ ഗ്രൂപ്പുകളുടെയും മനോവീര്യം വർധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാൻ ജയിലിൽ നിന്ന് താലിബാൻ ഭീകരർ മോചിപ്പിച്ച ഭീകരരിൽ കൂടുതലും തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ ഭീകരരാണെന്നാണ് റിപ്പോർട്ടുകൾ.