ഭുവനേശ്വർ: ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്താൻ കടൽമാർഗം സഞ്ചരിച്ചത് 1,100 കിലോമീറ്ററോളം ദൂരം. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 25 മത്സ്യത്തൊഴിലാളികളാണ് ഇത്രയും ദൂരം കടൽമാർഗം ഒഡീഷയിലെത്തിയത്.
ഏപ്രിൽ 24 നാണ് ഇവർ ചെന്നൈയിൽ നിന്ന് ബോട്ട് യാത്ര ആരംഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള 14 തൊഴിലാളികൾ ഉൾപ്പെടെ 39 പേർ ബോട്ടിലുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് വാടകയ്ക്കാണ് ഇവർ ബോട്ട് എടുത്തത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തൊഴിലാളികൾ ദാങ്കുരു തീരത്തിറങ്ങിയതായി തഹസിൽദാർ അറിയിച്ചു. ബാക്കിയുള്ളവർ ഒഡീഷയിലെ ഗഞ്ജം തീരത്ത് എത്തുകയും ചെയ്തു.
നാട്ടിലെത്തിയ ഉടൻ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസിൽദാർ ഹരപ്രസാദ് ഭോയി അറിയിച്ചു. ഇവർക്ക് ഭക്ഷണം നൽകുകയും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതായി തഹസിൽദാർ കൂട്ടിച്ചേർത്തു. കടൽമാർഗം മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ എല്ലാവർക്കും സമ്പർക്കവിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്താനുള്ള നിർദേശം പോലീസിന് നൽകിയതായി ഗതാഗതമന്ത്രി പദ്മനാഭ ബെഹറ അറിയിച്ചു.