കൊച്ചി : വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ. 2021 ഓഗസ്റ്റിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ ഉത്തരവാദിത്ത്വനിർവഹണത്തിന്റെ ഭാഗമായി നൽകിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ നിർദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചുകൊണ്ട് വിശുദ്ധ കുർബായർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കാൻ തീരുമാനിച്ചു.
വിശുദ്ധ കുർബാനയുടെ ആരംഭം മുതൽ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുർബാനയുടെ അർപ്പണഭാഗം അൾത്താരഭിമുഖമായും കുർബാന സ്വീകരണത്തിനു ശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അർപ്പിക്കണ മെന്നുള്ളതാണ് ഏകീകൃത അർപ്പണ രീതി. കാർമികൻ കുർബാനയർപ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ എവിടേയ്ക്കു തിരിഞ്ഞു നിൽക്കണമെന്നതു മാത്രമാണു നിർദ്ദേശിച്ചിരിക്കുന്ന മാറ്റം.
ഇക്കാര്യം ഇതിനകം വിശ്വാസികൾക്കു വ്യക്തമായിട്ടുണ്ട്. എന്നാൽ, വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതിയുമായി ബന്ധപ്പെടുത്തി മദ്ബഹവിരി, മാർതോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിർബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായി തെറ്റിദ്ധാരണ പരത്തുന്നുണ്ട്.
ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോൾ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളിൽ തുടരുന്നതാണ്. കുർബാനയർപ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദൈവാലയങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചരണവും വാസ്തവ വിരുദ്ധമാണ്.
ദൈവാലയങ്ങളിൽ സക്രാരിയുടെ നിലവിലുള്ള സ്ഥാനം അതേപടി തുടരും. നമ്മുടെ സഭയിൽ നിലവിലുള്ള പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകൾ, വലിയ ആഴ്ചയിലെ കർമങ്ങൾ, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിർത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സീറോമലബാർസഭയിൽ ഇപ്പോൾ ഉള്ളതുപോലെ തുടരുന്നതാണെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കമാണിത്. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിൽനിന്ന് എല്ലാവരും പിന്തിരിയണം. ഇക്കാര്യങ്ങളിൽ വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് മീഡിയ കമ്മീഷനുവേണ്ടി ഫാ. അലക്സ് ഓണംപള്ളി അഭ്യർത്ഥിച്ചു.