അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; രജിസ്ട്രേഷൻ നാളെ തുടങ്ങും; മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കുടുങ്ങിയവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കും. കൂടാതെ കൊറോണ വൈറസ്‌ ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നൽകു. രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും.

ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ് ഇതിന്റെ ചുമതല. ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്കായി സർക്കാർ നോർക്കയുടെ സഹായം തേടി. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കാനാകു.

ചെക്പോസ്റ്റുകളിലും യാത്രക്കാരുടെ വിവരശേഖരണവും പരിശോധനയും കഴിഞ്ഞതിനു മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകു. അതേസമയം മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിക്കുന്ന കാര്യങ്ങളും പരിഗണനിക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ കെ.എസ്.ആർ.ടി.സി. ബസുകളിൽ തിരികെ കൊണ്ടുവരുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ട്. എ.സി. ബസുകൾ തത്കാലം ഇതിനായി ഉപയോഗിക്കില്ല.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിരുന്നു. അവരെ ഘട്ടം ഘട്ടമായി നാട്ടിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമം.

തിരിച്ചുകൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍:

ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.

സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.

പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.

പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.

തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.

ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.

ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.

കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവർ. പ്രത്യേകിച്ച് കര്‍ണാടകത്തിലെ കുടകില്‍.

കര്‍ണാടകത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ പെട്ടുപോയവരെയും തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

തിരികെ കൊണ്ടുവരുമ്പോള്‍ അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം പരിശോധിക്കും. രോഗലക്ഷണമൊന്നും ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യും. അല്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സെന്‍ററിലേക്കു മാറ്റാനുമാണ് തീരുമാനം.