ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മെഡല്‍ നേട്ടം. വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലേഖറ വെങ്കലം കരസ്ഥമാക്കി. 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ് എച്ച് വണ്‍ വിഭാഗത്തിലാണ് അവനി വെങ്കലം നേടിയത്.
ടോക്യോവിലെ അവനിയുടെ രണ്ടാം മെഡലാണിത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണ്ണം നേടി ചരിത്രം നേടിയ അവനിയ്ക്ക് മറ്റൊരു സുവര്‍ണ്ണ നേട്ടം കൂടിയാണ് ഇന്നത്തെ വെങ്കലത്തോടെ സ്വന്തമായത്. പാരാലിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം എന്ന റെക്കോഡാണ് അവനി കൈവരിച്ചത്.
445.9 പോയന്റ് നേടിക്കൊണ്ടാണ് പത്തൊന്‍പത്കാരിയായ അവനി ഇന്ത്യയ്ക്കായി പന്ത്രണ്ടാം മെഡല്‍ കഴുത്തിലണിഞ്ഞത്. ഈ ഇനത്തില്‍ ചൈനയുടെ സി പി ഷാങ് സ്വര്‍ണവും ജര്‍മനിയുടെ ഹില്‍ട്രോപ്പ് വെള്ളിയും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ നിന്നും രണ്ടാം സ്ഥാനം നേടിയാണ് അവനി ഫൈനലില്‍ പ്രവേശിച്ചത്.
അവനിയുടെ വെങ്കലത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ 36ാം സ്ഥാനത്താണ്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ടോക്യോ പാരാലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇന്ന് പുരുഷന്മാരുടെ ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍ വെള്ളി നേടിയിരുന്നു.