തിരുവഞ്ചൂരിന്റെ മകൻ അർജുനടക്കം അഞ്ച് പേർ യൂത്ത് കോൺഗ്രസ് വക്താക്കളെന്ന് അറിയിപ്പ്; പിന്നാലെ പരാതി, നടപടി മരവിപ്പിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ഇളയ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ ഉള്‍പ്പടെ അഞ്ച് പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി ദേശീയ നേതൃത്വം അറിയിച്ചു. ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന്റെ പരാതിയെത്തി. ഇതോടെ നിയമനം മരവിപ്പിച്ചു.

അര്‍ജുന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് വക്താക്കളായി നിയമിച്ചത്. കേരളത്തിലെ വക്താവായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്.

സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയർന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടി.

അതേസമയം തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. വക്താവായി നിയമിച്ച ഉത്തരവ് കിട്ടിയെന്നും കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അർജുൻ വ്യക്തമാക്കി.