കാബൂള്‍: താലിബാൻ ഭീകര ഭരണകൂടത്തിന് പോകുന്ന പോക്കിൽ പണി കൊടുത്ത് അമേരിക്കൻ സൈന്യം. അഫ്‍ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന് പിന്‍മാറാനുള്ള അവസാന ദിവസമായിരുന്നു ആഗസ്റ്റ് 31. ഈ സമയപരിധിക്കുള്ളില്‍ അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാനില്‍ നിന്ന് മടങ്ങിക്കഴിഞ്ഞു. തങ്ങളുടെ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് അമേരിക്കന്‍ സൈന്യത്തിന്റെ മടക്കം.
എന്നാല്‍ ഇവയൊന്നും താലിബാന്‍കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം ഉപയോഗശൂന്യമാക്കിയ ശേഷമാണ് യു.എസ് സൈന്യം സ്ഥലം വിട്ടത്.
യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാന് അപ്രാപ്യമാക്കാനാണ് യു.എസ് സൈന്യം ഇങ്ങനെയൊരു നടപടി എടുത്തതിന് പിന്നില്‍.
വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ നിര്‍വ്വീര്യമാക്കിയതായി യു.എസിന്‍റെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്ന്‍സി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
എം.ആര്‍.എ.പി വിഭാഗത്തില്‍പ്പെട്ട 70 ഓളം സായുധ യുദ്ധവാഹനങ്ങളും നിര്‍വീര്യമാക്കിയതില്‍ ഉള്‍പ്പെടും. 27 ഹംവീസും നിര്‍വീര്യമാക്കി. ഇനിയാര്‍ക്കും ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
കാബൂള്‍ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഉയര്‍ത്തിയ സി-റാം സംവിധാനങ്ങളും നിര്‍വീര്യമാക്കിയിട്ടുണ്ട്.
തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആര്‍ട്ടിലറി, മോര്‍ട്ടാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. സൈനികര്‍ പിന്മാറുന്ന അവസാനനിമിഷം വരെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. അവസാന നിമിഷങ്ങളിലാണ് ഇവ നിര്‍വ്വീര്യമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.