യാത്രയ്ക്കിടെ മദ്യപിച്ച്‌ ബോധം പോയ അച്ഛനു പകരം കാര്‍ ഓടിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി കുടുങ്ങി

ചാത്തന്നൂര്‍: യാത്രയ്ക്കിടെ മദ്യപിച്ച്‌ ബോധം പോയ അച്ഛനു പകരം കാര്‍ ഓടിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി കുടുങ്ങി. ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്നു മലപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍.

യാത്രയ്ക്കിടയില്‍ മദ്യപിച്ച്‌ ലക്കുകെട്ട പിതാവിന് ഡ്രൈവ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. ഇരുവരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. പതിമൂന്നുകാരനായ മകന്‍ മലപ്പുറത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാര്‍ നിര്‍ത്തി. കാല്‍ നിലത്ത് ഉറയ്ക്കാത്ത അവസ്ഥയിലാണ് പിതാവ് കാറില്‍ നിന്ന് പുറത്തിറങ്ങിയത്. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ മകന്‍ ഡ്രൈവിങ് സീറ്റിലേക്ക് കയറി കാര്‍ എടുത്തു. ഇതോടെ ഒരു കുട്ടി തിരക്കേറിയ ദേശീയപാതയിലൂടെ കാര്‍ ഓടിച്ചു പോകുന്ന വിവരം നാട്ടുകാര്‍ ചാത്തന്നൂര്‍ സ്റ്റേഷനില്‍ അറിയിച്ചു.

പൊലീസ് സ്റ്റേഷനു സമീപം പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ടു പോയി. കാറിന്റെ സൈഡ് സീറ്റില്‍ ഇരുന്ന പിതാവ് പൊലീസിനെ കൈ വീശി കാണിച്ചു യാത്ര പറഞ്ഞു. എന്നാല്‍ പൊലീസ് ജീപ്പ് ചെയ്സ് ചെയ്തു ചാത്തന്നൂര്‍ ജംക്‌ഷനില്‍ വച്ചു കാര്‍ തടഞ്ഞു.

ബോധമില്ലാത്ത അവസ്ഥയിലായ പിതാവില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല. ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പിതാവിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.