നിയമസഭ കൈയാങ്കളികേസ്; പിൻവലിക്കുന്നതിനെതിരായ തടസ്സ ഹർജികളിൽ അടുത്ത മാസം ആറിന് വിധി പറയും

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയടക്കം പ്രതികളായ നിയമസഭ കൈയാങ്കളികേസ് പിൻവലിക്കുന്നതിനെതിരെ നൽകിയ തടസ്സ ഹർജികളിൽ അടുത്ത മാസം ആറിന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നൽകിയ വിടുതൽ ഹർജികള്‍ക്കെതിരെ രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് തടസ്സ ഹർജികള്‍ നൽകിയത്.

കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ പക്ഷപാതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. അതിനാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹർജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിൻവലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ മറുവാദം.

മുൻ വിധിയോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് പ്രോസിക്യൂഷനെ വിമർശിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭക്കുള്ളിൽ നടന്ന കൈയാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ചതാണ് ആറ് എൽഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്.

മന്ത്രി വി. ശിവന്‍കുട്ടിയെ കൂടാതെ മുന്‍മന്ത്രി ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, സി.കെ. സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ പിൻവലിക്കാനായി സുപ്രീംകോടതിയിൽ ഹർജിയുമായി പോയ കേരള സർക്കാരിന് രൂക്ഷവിമർശനമാണ് അവിടെ നിന്നും കിട്ടിയത്.