ഡിസിസി പുനഃസംഘടന; ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കളെ വിലക്കി കെപിസിസി; ലംഘിച്ചാൽ നടപടി

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ പങ്കെടുക്കുന്നത് കെപിസിസി വിലക്കി. ഡിസിസി പട്ടികയടക്കമുള്ള പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചാനലുകളിലെ ചര്‍ച്ചയ്ക്ക് പോകരുതെന്നാണ് കെപിസിസി നിര്‍ദ്ദേശം. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് ഹൈക്കമാന്‍ഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം.

വിലക്ക് ലംഘിച്ച്‌ ചാനലുകളിലോ സോഷ്യല്‍ മീഡിയയിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി. 14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പട്ടികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ വാദം കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തള്ളിയിരുന്നു. പരസ്യപ്രതികരണത്തിന്റെ പേരില്‍ കെ.പി.അനില്‍കുമാറിനെയും ശിവദാസന്‍ നായരെയും ഇന്നലെ സസ്പെന്‍‌ഡ് ചെയ്തിരുന്നു,