കാറുകൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലെത്തിച്ച് വ്യാജരേഖയുണ്ടാക്കി വിൽപ്പന; വാഹനങ്ങൾ പിടിച്ചെടുത്തു

കൊച്ചി: കാറുകൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലെത്തിച്ച് വ്യാജരേഖയുണ്ടാക്കി വിൽക്കുന്ന സംഘത്തിൽനിന്ന്‌ വാഹനങ്ങൾ പിടിച്ചെടുത്തു. എറണാകുളത്ത്‌ നിന്ന്‌ വാടകക്കെടുത്ത രണ്ട്‌ ഇന്നോവ കാറുകൾ ചെങ്കൽപ്പേട്ട്‌, മേട്ടുപ്പാളയം കുട്ട എന്നിവിടങ്ങളിൽ നിന്നാണ്‌ എറണാകുളം സൗത്ത്‌ പോലീസ് പിടിച്ചത്. പള്ളുരുത്തി സ്വദേശിയുടെ രണ്ട്‌ ഇന്നോവ വാഹനങ്ങൾ വാടകയ്ക്ക്‌ എടുത്ത ശേഷം തമിഴ്‌നാട്ടിൽ മറിച്ച്‌ വിറ്റുവെന്ന പരാതിയിലാണ്‌ പോലീസിന്റെ നടപടി.

കുറ്റവാളിയായ മുഹമ്മദ്‌ റാഫിയെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഒരു ഇന്നോവ ചെങ്കൽപ്പേട്ടിൽ നിന്ന്‌ പിടികൂടിയത്‌. നാഷണൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ എന്ന ബോർഡ്‌ വച്ച്‌ ഈ വാഹനം ഓടുന്നുണ്ടെന്ന്‌ വിവരം ലഭിച്ചിരുന്നു. കോയമ്പത്തൂരിലെത്തിയ സൗത്ത്‌ പോലീസ്‌ ഇന്നോവയിലെ ജി.പി.എസ്‌. സംവിധാനത്തിൽ നിന്നാണ്‌ വാഹനം ചെങ്കൽപ്പേട്ടിലുണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌.

400 കിലോമീറ്ററോളം പിന്തുടർന്നാണ്‌ പോലീസ് കാർ കണ്ടെടുത്തത്‌.പ്രതികൾ വാഹനം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ഇതേ ബോർഡും വാഹന നമ്പരും വച്ച മറ്റൊരു ഇന്നോവ കാർ മേട്ടുപ്പാളയത്തെ കുട്ടയിൽ നിന്നും പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

കടത്തിക്കൊണ്ടുപോയ വാഹനങ്ങളുടെ എൻജിൻ നമ്പറും ഷാസി നമ്പറും വ്യാജമായി നിർമിച്ചാണ്‌ വിറ്റത്‌. എറണാകുളം സൗത്ത്‌ പോലീസ്‌ ഇൻസ്പെക്ടർ എം.എസ്‌. ഫൈസൽ, എസ്‌.ഐ. ജോസി എന്നിവരുടെ നേതൃത്വത്തിലാണ്‌ വാഹനങ്ങൾ പിടിച്ചെടുത്തത്‌.