പത്തനംതിട്ട: സിനിമ നിർമാതാവും പാചക വിദഗ്ധനുമായ എംവി നൗഷാദിന്റെ കബറടക്കം ഇന്ന് തിരുവല്ലയിൽ. തിരുവല്ല സിലിക്കോണിനു സമീപം മുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരം നാലിനാണ് കബറടക്കം.
മൃതദേഹം ഒന്നരയ്ക്ക് നൗഷാദ് പഠിച്ച തിരുവല്ല എസ്സിഎസ് ഹൈസ്കൂളിലെ അലക്സാണ്ടർ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. മൂന്നര വരെ ഇവിടെ അന്തിമോപചാരം അർപ്പിക്കാം.
തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു നൗഷാദിന്റെ അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. പാചകരംഗത്ത് വിദഗ്ധനായ നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിംഗ് സര്‍വീസും ഉണ്ട്.
ബ്ലെസിയുമായുള്ള സൗഹൃദമാണ് നൗഷാദിനെ ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. ബ്ലെസിയുടെ കാഴ്ചയിൽ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായി.