ന്യൂഡെൽഹി : റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതിയ യാത്രാ മാനദണ്ഡം. റെയില്‍വേയില്‍ ഉദ്യോഗസ്ഥരാണെങ്കില്പോലും ഇനി യാത്രാടിക്കറ്റ് നിര്‍ബന്ധമാണ്. മറ്റു യാത്രക്കാരെപ്പോലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് എടുത്താല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കൂ.
റെയില്‍വേ ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍കാരുടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാത്ത യാത്ര പൂര്‍ണമായും റെയില്‍വേ നിര്‍ത്തലാക്കി. യാത്രാ ആനുകൂല്യത്തിനുള്ള രേഖയായി ഇ-പാസ് മാത്രം ഇനി മുതല്‍ പോരെന്നും ഇതോടൊപ്പം ഇ-ടിക്കറ്റ് അല്ലെങ്കില്‍ കൗണ്ടറില്‍ നിന്നെടുത്ത ടിക്കറ്റുകൂടി വേണമെന്നുമാണ് പുതിയ ഉത്തരവ്.
ടിക്കറ്റ്, റെയില്‍വേയില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ, അനുവദനീയമായ യാത്രാപരിധി, കാലാവധി എന്നിവയും ഇനി മുതല്‍ പരിശോധിക്കും. റെയില്‍വേയില്‍ വ്യാപകമായ സൗജന്യ യാത്രകള്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റെയില്‍വേ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും രാജ്യവ്യാപകമായി മൂന്നു സൗജന്യ പാസുകളും, വിരമിച്ച ജീവനക്കാര്‍ക്കു രണ്ടു പാസുകളുമാണു നേരത്തേ അനുവദിച്ചിരുന്നത്.