മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കുമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പൊലീസ് കസ്റ്റ്ഡിയില്‍. ശിവസേന പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസ് രജിസ്റ്റര്‍ ചെയ്ത നാസിക് പൊലീസ് കേന്ദ്രമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ദവിന്റെ കരണംനോക്കി അടിക്കുമായിരുന്നുവെന്നുമാണ് നാരായണ്‍ റാണെ പറഞ്ഞത്.
റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും റാണെയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു. കേസില്‍ മന്ത്രിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും ബാക്കി നടപടികള്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൂര്‍ത്തീകരിക്കുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ തന്നെ അറിയിച്ചിരുന്നു. റാണെ രാജ്യസഭാംഗമായതിനാല്‍ അറസ്റ്റിന് ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ വിവരം ഔദ്യോഗികമായി അറിയിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
അതേസമയം റാണെയുടെ വസതിയിലേക്ക് ശിവസേനാപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും മറ്റും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായിരുന്നു. തുടര്‍ന്ന് ശിവസേന നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.