കോഴിക്കോട്: മലാപ്പറമ്പ് വാട്ടർ അതോറിറ്റി റോഡിൽ ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. അമ്പലവയൽ സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (42 ) നടക്കാവ് പട്ടംവീട്ടിൽ ബവീഷ് (40) എന്നിവരെയാണ് മെഡിക്കൽ കോളജ് എസിപി കെസുദർശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ജൂലൈ 26-ന് രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടിൽ കവർച്ച നടന്നത്. 44.5 പവന്റെ സ്വർണാഭരണങ്ങളും വജ്ര നെക്ലേസും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. സംഭവദിവസം ഡോക്ടർ പരീക്ഷാഡ്യൂട്ടിക്കായി കണ്ണൂരിലേക്ക് പോയതായിരുന്നു. നഗരത്തിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെയാണ് മോഷ്ടാക്കളായ കുട്ടി വിജയനും ബവീഷും പോലീസിന്റെ പിടിയിലാകുന്നത്. 2007-ൽ മാവൂർ സ്വദേശി വിദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് കുട്ടി വിജയൻ. 2018-ൽ വിജയനും കൂട്ടാളികളും പോലീസിന്റെ പിടിയിലായെങ്കിലും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ ചുമർതുരന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം കവർച്ച നടത്തുന്നത് തുടരുകയായിരുന്നു.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി ഏകദേശം അഞ്ഞൂറിലധികം കേസുകളിൽ കുട്ടി വിജയൻ പ്രതിയാണെന്നാണ് പോലീസ് നൽകുന്നവിവരം. മോഷണമുതലുകൾ മേട്ടുപ്പാളയത്തുള്ള മരുമകന്റെ അച്ഛന്റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വിൽപ്പന നടത്തുകയും ആർഭാടജീവിതം നയിച്ചുവരികയുമായിരുന്നു.
പ്രതികൾ ഉൾപ്പെട്ടെ കൂടുതൽ കേസുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനും മോഷണമുതലുകൾ കണ്ടെടുക്കുന്നതിനും ഇവരെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും എ.സി.പി. കെ.സുദർശൻ പറഞ്ഞു. ചേവായൂർ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, സബ് ഇൻസ്പെക്ടർമാരായ ഷാൻ, അഭിജിത്ത്,രാജീവ് കുമാർ പാലത്ത് ഡാൻസാഫ് അംഗങ്ങളായ സജി, ഷാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.