ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മൂന്ന് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ത്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ത്രാലിലെ നഗ്ബരാന്‍ വനമേഖലയില്‍ പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലിലും രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ട്രാലില്‍ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഘങ്ങളിലുള്ളവരാണ് ഈ ഭീകരവാദികളെന്ന് പോലീസ് പറഞ്ഞു.
ഒരു ദിവസം മുമ്പ്, രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ ഓഫീസര്‍ വീരമൃത്യു വരിച്ചിരുന്നു. ആ സംഭവത്തില്‍ ഒരു ഭീകരനേയും വധിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച ജെ അന്‍ഡ് കെ അപ്നി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് തീവ്രവാദികള്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെടിവെച്ചു കൊന്നിരുന്നു.